മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനതിനു പുതിയ ഭരണസമിതി.

ജർമ്മനി :-പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനം അതിൻറെ വളർച്ചയുടെ പാതയിൽ അതിവേഗം മുമ്പോട്ട് പോവുകയാണ് . യു കെയും അയർലണ്ടും ഒഴികെയുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് യൂറോപ്പ് പാട്രിയർക്കൽ വികാരിയേറ്റ്. നിലവിൽ പത്തോളം യൂറോപ്യൻ രാജ്യങ്ങളിൽ പരിശുദ്ധ സഭയുടെ ഇടവകകളിൽ ബഹുമാനപ്പെട്ട വൈദികർ സേവനം അനുഷ്ഠിക്കുന്നുണ്ട് . എന്നാൽ ദൈവമക്കളുടെ ആവശ്യപ്രകാരം പരിശുദ്ധ സഭ ഈ നാളുകളിൽ കൂടുതൽ രാജ്യങ്ങളിൽ ആരാധന സംവിധാനങ്ങൾ തുടങ്ങുവാനുള്ള ക്രമീകരണം ചെയ്തു വരികയാണ്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ കീഴിൽ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ അധ്യക്ഷതയിലുള്ള യൂറോപ്പ് കൗൺസിലാണ് വളർച്ചയുടെ പാതയിൽ ചുക്കാൻ പിടിക്കുന്നത് .

 

2022 മെയ് 6 വെള്ളിയാഴ്ച ഓൺലൈൻ വഴി ഭദ്രസനത്തിന്റെ കൌൺസിൽ ജനറൽ ബോഡി അഭിവന്ദ്യ ഡോക്ടർ കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. യൂറോപ്പ് ഭദ്രാസനത്തിന് പ്രാരംഭകാലം മുതൽ യൂറോപ്പിലെ വിവിധ ഇടവകകളിൽ സഭയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട ഡോ. ബിജി ചിറത്തിലാട്ട് കശ്ശീശായുടെ രണ്ടാം ചരമ വാർഷികം അന്നേ ദിവസമായതിനാൽ ബഹുമാനപ്പെട്ട ബിജി അച്ചൻറെ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുകയും അച്ചൻറെ ആത്മാവിൻറെ നിത്യ ശാന്തിക്കായി പ്രാർത്ഥിച്ചു കൊണ്ടാണ് കൗൺസിൽ മീറ്റിംഗ് ആരംഭിച്ചത് . ബഹുമാനപ്പെട്ട വൈദികരും എല്ലാ ഇടവകകളിൽ നിന്നുമുള്ള കൗൺസിൽ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ വച്ചു അടുത്ത രണ്ടു വർഷത്തേക്കുള്ള ഓഫീസ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. ഭദ്രാസന സെക്രട്ടറി - ബഹുമാനപ്പെട്ട ഫാദർ ജോഷി വെട്ടിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി കം പിആർഒ - ശ്രീമാൻ വർഗീസ് പി അബ്രഹാം. ട്രഷറർ - ശ്രീമാൻ ബേസിൽ തോമസ്, ഓഡിറ്റർ - ശ്രീമാൻ സുധീഷ് മാത്യു, വനിതാസമാജം വൈസ് പ്രസിഡൻറ് - ഫാദർ എൽദോസ് വട്ടപ്പറമ്പിൽ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് - ഫാദർ പോൾ പി ജോർജ്, സൺഡേ സ്കൂൾ വൈസ് പ്രസിഡൻറ് - ഫാദർ ജോഷി വെട്ടിക്കാട്ടിൽ, സൺഡേ സ്കൂൾ കോഡിനേറ്റർ - ഫാദർ നോമീസ് പതിയിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. സഭയുടെ യൂറോപ്പിലെ വളർച്ചക്ക് വേണ്ടുന്ന നിരവധി ആശയങ്ങൾ ചർച്ചചെയ്യുകയും നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. നാളിതുവരെ കൗൺസിൽ ഭാരവാഹികൾ ആയി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചതിനൊപ്പം പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട വരെ മെത്രാപ്പോലീത്ത അഭിനന്ദിക്കുകയും, അതോടൊപ്പം ഈ വർഷങ്ങളിൽ പുതുതായി ആരംഭിച്ച ബെർലിൻ, ഹാന്നോവർ, ബൾഗേറിയ തുടങ്ങിയ സ്ഥലങ്ങളിലെ കോൺഗ്രിഗേഷൻസിനെ പ്രേത്യേകം അഭിനന്ദിക്കുകയും ചെയ്തു.

പ്രസ്തുത യോഗത്തിൽ ഫാ. ഡോ. തോമസ് ജേക്കബ്, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. എൽദോസ് വട്ടപറമ്പിൽ, ഫാ. നോമിസ് പതിയിൽ, ഫാ. റ്റിജോ മാർക്കോസ്, ഫാ. പോൾ പി ജോർജ്, എല്ലാ ഇടവകളിൽ നിന്നുമുള്ള കൗൺസിൽ പ്രതിനിധികൾ പങ്കെടുത്തു.

വരും നാളുകളിൽ യൂറോപ്പ് ഭദ്രാസനം സഭയ്ക്കും സമൂഹത്തിനും അഭിമാനമായി മാറട്ടെയെന്നും അതിന്റെ വളർച്ചയ്ക്ക് എല്ലാവരും ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും ഓർമ്മിപ്പിച്ചു കൊണ്ട് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത പ്രാർത്ഥനയോടെ യോഗം അവസാനിപ്പിച്ചു.