
യുവജനങ്ങൾ വിശ്വാസത്തിലും ആത്മീയതയിലും പ്രകാശിക്കണം: ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത; യുവതലമുറയ്ക്ക് പ്രചോദനമായി ‘റിവൈവ് 25’ യൂത്ത് കോൺഫറൻസ്
ബെർലിൻ ● യൂറോപ്പിലേക്കു വന്നിരിക്കുന്ന യുവജനങ്ങൾ ഇവിടെ ലഭ്യമായ അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുമ്പോൾ, ദൈവം നടത്തിയ വഴികളെയും അനുഗ്രഹങ്ങളെയും മറക്കാതെ ദൈവത്തോട് ചേർന്ന് സഭയുടെ വിശ്വാസത്തിലും ആത്മീയതയിലും ഉറച്ചു നിൽക്കുമ്പോഴാണ് ജീവിതം അനുഗ്രഹപൂർണ്ണമാകുന്നതെന്ന് യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ജർമ്മനിയിലെ ബെർലിനിൽ നടന്ന മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിലെ യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിച്ച 'റിവൈവ് 25' യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
പഠനത്തിനും ജോലിക്കുമായി യൂറോപ്പിലേക്ക് കുടിയേറിയിരിക്കുന്ന നൂറുകണക്കിന് സഭാമക്കൾക്ക് തൊഴിൽസാധ്യതകളുടെയും സാമ്പത്തിക പുരോഗതിയുടെയും വാതിലുകൾ തുറന്നുകൊടുക്കുമ്പോൾ, മറുവശത്ത് വർദ്ധിച്ചുവരുന്ന സെക്കുലറിസവും ദൈവനിഷേധവും അവരുടെ വിശ്വാസജീവിതത്തിനും ആത്മീയ മൂല്യങ്ങൾക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി. യൗസേപ്പ് പൊത്തിഫേറിൻ്റെ ഭവനത്തിൽ എത്തിയപ്പോൾ നശിക്കുവാൻ അനവധി സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും, താൻ ആരാണെന്നും ദൈവം തന്നെയെന്തിനാണ് അയച്ചിരിക്കുന്നതെന്നും ബോധ്യപ്പെട്ടതുകൊണ്ടാണ് അവൻ ദൈവാശ്രയത്തിലും ആത്മീയതയിലും ഉറച്ചു നിന്നത്. അതുകൊണ്ടുതന്നെ അവൻ മറ്റുള്ളവർക്ക് അനുഗ്രഹമായി തീർന്നുവെന്ന് എന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. അതു പോലെ തന്നെയാണ് നമ്മുടെ യുവതലമുറയും ദൈവം നടത്തിയ വഴികളെയും അനുഗ്രഹങ്ങളെയും മറക്കാതെ വിശ്വാസത്തിലും ആത്മീയതയിലും ഉറച്ചു നിൽക്കേണ്ടത്.
ഒരു കാലത്ത് നമ്മുടെ നാട്ടിലേക്കു സുവിശേഷത്തിന്റെ വെളിച്ചവുമായി പലരും കടന്നുവന്നിരുന്നുവെങ്കിൽ, ഇന്ന് അതേ വെളിച്ചം ഏറ്റവും ആവശ്യമുള്ളത് യൂറോപ്പിനാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ദൈവം നമ്മളെ അയച്ചിരിക്കുന്ന സ്ഥലങ്ങളിൽ പഠിക്കുന്നിടങ്ങളിലും ജോലിസ്ഥലങ്ങളിലും നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വെളിച്ചവും പ്രത്യാശയുമാകുന്ന വിധത്തിൽ ആകുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. എഴുന്നേറ്റ്, പ്രകാശിക്കുന്നവരാകണം നമ്മൾ. യൂറോപ്പിലെ നിലവിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യത്തിൽ തൊഴിലില്ലായ്മയും മറ്റ് പ്രതിസന്ധികളും ഉയരുന്ന സമയത്തും, ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ മുന്നേറണം എന്നത് അനിവാര്യമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ദൈവം നമ്മെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധികളെയെല്ലാം അതിജീവിക്കുവാൻ നമുക്ക് ആത്മവിശ്വാസത്തോടെയും പ്രാർത്ഥനയോടെയും മുന്നേറണം.
യൂറോപ്പിൽ ആദ്യമായാണ് ഇത്തരമൊരു യുവജന സംഗമം നടക്കുന്നത്. സമീപകാലത്ത് യൂറോപ്പിലേയ്ക്ക് കുടിയേറുന്ന സഭാമക്കൾ പരസ്പരം പരിചയപ്പെടാനും, വിശ്വാസാധിഷ്ഠിതമായ കമ്മ്യൂണിറ്റി ബന്ധം വളർത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കോൺഫറൻസ് സംഘടിപ്പിച്ചതെന്നും മെത്രാപ്പോലീത്ത വിശദീകരിച്ചു.
ആറും ഏഴും മണിക്കൂർ ദൂരങ്ങൾ യാത്ര ചെയ്ത് ആരാധനയ്‌ക്കായി പള്ളികളിൽ എത്തിച്ചേരുന്ന നമ്മുടെ യുവതീ-യുവാക്കൾ സഭയ്ക്ക് അഭിമാനവും പ്രതീക്ഷയുമാണ്. അവരുടെ ഈ ത്യാഗവും വിശ്വാസനിഷ്ഠയും പരിശുദ്ധ സഭയുടെ ഭാവിക്ക് പ്രത്യാശയാണ്. യൂറോപ്പിലെ ഈ യുവജന സംഗമം അതിന്റെ തെളിവായി മാറിയിരിക്കുന്നുവെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
യുവജനതയുടെ ആത്മീയ നവീകരണം, കൂട്ടായ്മ, ശാക്തീകരണം എന്നിവയ്ക്കായി 'എഴുന്നേൽക്കൂ, പ്രകാശിക്കൂ ' എന്ന ചിന്താവിഷയത്തോടെ രണ്ടു ദിവസങ്ങളിലായി നടന്ന യുവജനസംഗമം ആത്മീയ ഉണർവും പ്രചോദനവുമേകി. ഭദ്രാസനത്തിലെ വൈദീകരായ ജോഷ്വ റമ്പാൻ, ഫാ. തോമസ് മണിമല, ഫാ. എൽദോസ് വട്ടപ്പറമ്പിൽ, ഫാ. രെഞ്ചു കുര്യൻ, ഫാ. പോൾ പുന്നയ്ക്കൽ, ഫാ. എൽദോസ് പുല്ലംപറമ്പിൽ, ഫാ. മുറാറ്റ് യൂസിൽ (സിറിയക് ഓർത്തഡോക്സ് ചർച്ച്, ബെർലിൻ), ഫാ. ബുർഖാർഡ് ബോൺമാൻ (ഇവാഞ്ചലിക്കൽ ചർച്ച്, ബെർലിൻ), വർഗീസ് അബ്രഹാം (മ്യൂണിക്) എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകി.
തീമാറ്റിക് ക്ലാസുകൾ, സംവേദനാത്മക സെഷനുകൾ, യുവജന വർക്ക്‌ഷോപ്പുകൾ, ആത്മീയ ധ്യാനം, വി. കുമ്പസാരം, വി. കുർബ്ബാന, കലാ-സാംസ്കാരിക പരിപാടികൾ, ക്യാമ്പ്‌ഫയർ ഫെലോഷിപ്പ് എന്നിവയോടൊപ്പം കുടിയേറ്റ യുവാക്കൾ നേരിടുന്ന സമകാലിക വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകളും ഉൾപ്പെടുത്തിയ കോൺഫറൻസ് ആത്മീയതയും അനുഭവസമ്പത്തും നിറഞ്ഞ സമഗ്രമായ സംഗമമായി.
യൂറോപ്പിന്റെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഏകദേശം നൂറോളം യുവാക്കളുടെ പങ്കാളിത്തം സമ്മേളനത്തിന് ഊർജസ്വലതയും ഉണർവുമേകി. പരിപാടിയിലുടനീളം സൗഹൃദപരവും പ്രചോദനാത്മകവുമായ അന്തരീക്ഷം നിലനിന്നത് യുവജനങ്ങളിൽ ആത്മീയ ചൈതന്യവും കൂട്ടായ്മയുടെ ബോധവുമുണർത്തി. വിശുദ്ധ കുർബ്ബാനയും തുടർന്ന് അഗാപെയുമായാണ് സമ്മേളനം സമാപിച്ചത്. ബെർലിനിലെ സെന്റ് ഏലിയാസ് മലങ്കര സിറിയക് ഓർത്തഡോക്സ് പള്ളിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.