MSOC യൂറോപ്പ് കുടുംബസംഗമം 2025

പ. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള യൂറോപ്പ് ഭദ്രാസന കൗൺസിലിന്റെ എട്ടാമത് കുടുംബ സംഗമം 2025 മെയ് മാസം 2, 3,4 തിയതികളിൽ പോളണ്ടിലുള്ള ക്രാക്കോവിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
രണ്ടാം തീയതി വൈകിട്ട് MSOC യൂറോപ്പ് ഭദ്രാസന കൗൺസിൽ പാത്രിയാർക്കൽ വികാരി അഭി. ഡോ. തേയോഫിലോസ് മോർ കുരിയാക്കോസ് മെത്രാപ്പോലീത്ത പാത്രിയാർക്കൽ കൊടിയുയർത്തി പ്രാർത്ഥനയോടെ ആരംഭിക്കും. കുടുംബസംഗമത്തിന്റെ ഈ വർഷത്തെ ചിന്താ വിഷയം “കൃപയിലും പരിജ്ഞാനത്തിലും വളരുക” (2, പത്രോസ് 3:18) എന്നുള്ളതാണ്. യൂറോപ്പ് കൗൺസിലിന്റെ കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനുകളിൽ നിന്നുമായി അനേക വിശ്വാസികൾ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നു. യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ കഴിഞ്ഞ വർഷമാണ് യാക്കോബായ സഭക്ക് ഒരു പുതിയ കോൺഗ്രിഗേഷൻ പോളണ്ടിലെ ക്രാകോവിൽ ആരംഭിച്ചത്. വിവിധ സഭകളിലെ ഒൻപതോളം കുടുംബങ്ങൾ ആണ് ഈ ഇടവകയിൽ ഉള്ളത്. ഫാമിലി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇടവകയിലെ ഓരോ അംഗങ്ങളും വളരെയധികം ഉത്സാഹത്തോടെയാണ് ഇതിന് വേണ്ടി ഒരുങ്ങുന്നത്.
യൂറോപ്പ് ഭദ്രാസന കൗൺസിൽ സെക്രട്ടറി വന്ദ്യ ജോഷ്വാ റമ്പാച്ചന്റെയും ജോ. സെക്രട്ടറി വർഗീസ് പി. അബ്രഹാം, ട്രഷറർ ബേസിൽ തോമസ് എന്നിവരുടേയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് കുടുംബ സംഗമത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.
അഭിവന്ദ്യ ഡോ. തേയോഫിലോസ് മോർ കുരിയാക്കോസ് തിരുമേനിയുടെ ആത്മീയ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ വളർന്നു വരുന്ന യൂറോപ്പ് ഭദ്രാസനം യാക്കോബായ സുറിയാനി സഭക്ക് അഭിമാനകരമാംവിധം ഇന്ന് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി 24 കോൺഗ്രിഗേഷനുകൾ ആയി ചേർന്നു നിൽക്കുന്നു.