മലങ്കര സിറിയക് ഓർത്തഡോക്സ് സഭയുടെ യുറോപ്പ് ഭദ്രാസന കൗൺസിലിന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
വിയന്ന. പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനം അതിൻറെ വളർച്ചയുടെ പാതയിൽ അതിവേഗം മുന്നോട്ട് പോവുകയാണ്. യുകെയും അയർലൻഡും ഒഴികെയുള്ള യൂറോപ്പിലെ മറ്റു രാജ്യങ്ങൾ ചേർന്നതാണ് യൂറോപ്പ് ഭദ്രാസനം. നിലവിൽ പത്തോളം യൂറോപ്യൻ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ബഹുമാനപ്പെട്ട വൈദികർ സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാൽ ദൈവമക്കളുടെ ആവശ്യപ്രകാരം പരിശുദ്ധ സഭ ഈ നാളുകളിൽ കൂടുതൽ രാജ്യങ്ങളിൽ ആരാധന തുടങ്ങുവാനുള്ള ക്രമീകരണം ചെയ്തു വരികയാണ്. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ കീഴിൽ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തേയോഫിലോസ് തിരുമേനിയുടെ അധ്യക്ഷതയിലുള്ള യൂറോപ്പ് കൗൺസിൽ ആണ് വളർച്ചയുടെ പാതയിൽ ചുക്കാൻ പിടിക്കുന്നത്.
ബഹുമാനപ്പെട്ട വൈദികരും എല്ലാ ഇടവകകളിൽ നിന്നുമുള്ള കൗൺസിൽ പ്രതിനിധികളും ചേർന്നതാണ് യൂറോപ്പ് ഭദ്രാസന കൗൺസിൽ. 2024 ഏപ്രിൽ മാസം 26 ആം തീയതി അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ മീറ്റിങ്ങിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഓഫീസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിയായി വന്ദ്യ ജോഷ്വാ റമ്പാച്ചനും ജോയന്റ് സെക്രട്ടറിയായി ശ്രീ. വർഗീസ് പി. അബ്രഹാം ട്രഷറർ ശ്രീ. ബേസിൽ തോമസ് ഓഡിറ്റർ ശ്രീ. സുധീഷ് മാത്യു പി . ആർ .ഓ ശ്രീ. ജോളി തുരുത്തുമ്മൽ എന്നിവരെ തെരഞ്ഞെടുത്തു.
മൊർത്ത മറിയം വനിതാ സമാജത്തിന്റെ വൈസ് പ്രസിഡണ്ടായി ബഹുമാനപ്പെട്ട എൽദോസ് വട്ടപ്പറമ്പിൽ അച്ചനും, യൂത്ത് അസോസിയേഷന്റെ വൈസ് പ്രസിഡണ്ടായി ബഹുമാനപ്പെട്ട എബ്രഹാം പുതുശ്ശേരി അച്ചനും , സൺഡേ സ്കൂളിൻറെ വൈസ് പ്രസിഡണ്ടായി ബഹുമാനപ്പെട്ട വന്ദ്യ ജോഷ്വാ റമ്പാച്ചനേയും ചുമതലകൾ വഹിക്കുന്നു. അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിരവധി ആശയങ്ങൾ ചർച്ച ചെയ്യുകയും നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. നാളിതുവരെ കൗൺസിൽ ഭാരവാഹികളായി പ്രവർത്തിച്ച എല്ലാവരെയും കൗൺസിലിന്റെ നന്ദി അറിയിച്ചതിനോടൊപ്പം പുതിയ ഭാരവാഹികളെ അഭിനന്ദിക്കുകയും വരും നാളുകളിൽ പരിശുദ്ധ സഭയുടെ യൂറോപ്പ് ഭദ്രാസന കൗൺസിൽ സഭയുടെ അഭിമാനമായി സഭയ്ക്ക് വേണ്ടി മാതൃകാപരമായി മാറുവാൻ വേണ്ടി എല്ലാവരും പ്രവർത്തിക്കണമെന്ന് അഭിവന്ദ്യ തിരുമേനി ഓർമ്മപ്പെടുത്തി