യാക്കോബായ സുറിയാനി സഭയ്‌ക്ക്‌ 7 റമ്പാന്മാര്‍ കൂടി.

കോട്ടയം ● യാക്കോബായ സുറിയാനി സഭയില്‍ ഏഴു റമ്പാന്മാര്‍ കൂടി അഭിഷിക്‌തരാകും. ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഓസ്‌ട്രേലിയന്‍ അതിഭദ്രാസന നിയുക്‌ത മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോര്‍ജ്‌ വയലിപ്പറമ്പില്‍, മോര്‍ അന്തോണിയോസ്‌ മൊണാസ്‌ട്രിക്കുവേണ്ടി ഫാ. ഡോ. കുര്യാക്കോസ്‌ കൊള്ളന്നൂര്‍, ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍, ഫാ. കുര്യാക്കോസ്‌ ജോണ്‍ പറയന്‍കുഴിയില്‍, പൗരസ്‌ത്യ സുവിശേഷ സമാജത്തിനുവേണ്ടി ഫാ. മാത്യു ജോണ്‍ പൊക്കതയില്‍, ഫാ. വര്‍ഗീസ്‌ കുറ്റിപ്പുഴയില്‍ എന്നിവരാണ്‌ റമ്പാൻമാരായി അഭിഷിക്തരാകുക. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ശ്ലൈഹീക സന്ദര്‍ശനവേളയില്‍ ഫെബ്രുവരി മാസം എട്ടിന്‌ ഇവര്‍ക്കു റമ്പാന്‍ സ്‌ഥാനം നല്‍കും. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ അന്നു രാവിലെ ഏഴിനു പ്രഭാത നമസ്‌കാരവും എട്ടിനു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. വിശുദ്ധ കുര്‍ബ്ബാന മധ്യേയായിരിക്കും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ഇവരെ റമ്പാന്‍ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തുക. ആദ്യമായാണ്‌ മലങ്കരയില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഏഴു വൈദികര്‍ക്ക്‌ ഒരുമിച്ചു റമ്പാന്‍ സ്‌ഥാനം നല്‍കുന്നത്‌. പാത്രിയര്‍ക്കീസ്‌ ബാവയുടെ സന്ദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്‌ടറും ഇടുക്കി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോര്‍ പീലക്‌സീനോസ്‌ സഖറിയാസ്‌ മെത്രാപ്പോലീത്ത അറിയിച്ചു. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രഥമ സന്ദര്‍ശനമാണിത്. ▫ഫാ. ജോര്‍ജ്‌ വയലിപ്പറമ്പില്‍ അകപ്പറമ്പ്‌ മോര്‍ ശാബോര്‍ അഫ്രോത്ത്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. നിയുക്‌ത മെത്രാപ്പോലീത്ത. നിലവില്‍ ഓസ്‌ട്രേലിയന്‍ അതിഭദ്രാസന സെക്രട്ടറി. വടവാതൂര്‍ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഓറിയന്റല്‍ തിയോളജിയില്‍ പിഎച്ച്‌.ഡി. ചെയ്യുന്നു. ബാംഗ്ലൂർ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍നിന്നു സ്‌പിരിച്വാലിറ്റി ആന്‍ഡ്‌ കൗണ്‍സിലിങ്ങിലും കോട്ടയം എം.ജി. സര്‍വകലാശാലയില്‍നിന്നു സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം. 2007 ഏപ്രില്‍ 28ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയില്‍നിന്നു കശീശാ സ്‌ഥാനം സ്വീകരിച്ചു. 22 ലധികം പള്ളികളില്‍ വികാരിയായിരുന്നു. പരേതനായ പൈനാടത്ത്‌ വര്‍ക്കി മത്തായിയുടെയും ഓമനയുടെയും മകനാണ്‌. ▫ഫാ. മാത്യു ജോണ്‍ പൊക്കത്തായില്‍ അങ്കമാലി നടുവട്ടം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. പൗരസ്‌ത്യ സുവിശേഷ സമാജം കര്‍ണാടക മേഖലയുടെ വൈസ്‌ പ്രസിഡന്റ്‌. ഝാര്‍ഖണ്ഡ്‌ സര്‍വകലാശാലയില്‍നിന്നു ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. സെമിനാരി വിദ്യാഭ്യാസത്തിനുശേഷം 1999 മാര്‍ച്ച്‌ ആറിനു ഗീവര്‍ഗീസ്‌ മോര്‍ പോളിക്കാര്‍പ്പോസില്‍നിന്നു കശ്ശീശാ സ്‌ഥാനം സ്വീകരിച്ചു. എട്ടോളം പള്ളികളില്‍ വികാരിയായിരുന്നു. പൊക്കത്തയില്‍ യോഹന്നാന്റെയും പരേതയായ സാറാക്കുട്ടിയുടെയും മകന്‍. ▫ഫാ. വര്‍ഗീസ്‌ കുറ്റിപ്പുഴയില്‍ ഇടുക്കി രാജകുമാരി സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. പൗരസ്‌ത്യ സുവിശേഷ സമാജം അതിഭദ്രാസന സെക്രട്ടറി എം.ജി. സര്‍വകലാശാലയില്‍നിന്നു പൊളിറ്റിക്‌സില്‍ ബിരുദം. മഞ്ഞനിക്കര ദയറായില്‍ ലിറ്റര്‍ജിക്കല്‍ പഠനം. 2003 ജൂണ്‍ അഞ്ചിനു ഗീവര്‍ഗീസ്‌ മോര്‍ പോളിക്കാര്‍പ്പോസില്‍നിന്നു കശീശ സ്‌ഥാനം സ്വീകരിച്ചു. 14 പള്ളികളില്‍ വികാരി. പരേതനായ ജോസഫിന്റെയും ശോശാമ്മ ജോസഫിന്റെയും മകനാണ്‌. ▫ഫാ. ഡോ. കുര്യാക്കോസ്‌ കൊള്ളന്നൂര്‍ കോയമ്പത്തൂര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. ഇടുക്കി തട്ടേക്കണ്ണി സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി വികാരിയും മുളന്തുരുത്തി എം.എസ്‌.ഒ.ടി. സെമിനാരി അധ്യാപകനും. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം, തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ്‌ മൊണാസ്‌ട്രി എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. റോം പൊന്തിഫിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്നു ഡോക്‌ടറേറ്റ്‌. 2006 ജൂണ്‍ രണ്ടിനു തോമസ്‌ മോര്‍ തീമോത്തിയോസില്‍നിന്നു കശീശ സ്‌ഥാനം സ്വീകരിച്ചു. പത്തിലധികം പള്ളികളില്‍ വികാരിയായിരുന്നു. പരേതനായ കൊള്ളന്നൂര്‍ ഇട്ടി മാത്യുവിന്റെയും ചിന്നമ്മ മാത്യുവിന്റെയും മകനാണ്‌. ▫ഫാ. കുര്യാക്കോസ്‌ വെട്ടിക്കാട്ടില്‍ വയനാട്‌ അമ്പുകുത്തി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം. യൂറോപ്പ്‌ അതിഭദ്രാസന സെക്രട്ടറി. വിയന്ന യൂണിവേഴ്‌സിറ്റിയില്‍ ലിറ്റര്‍ജിക്കല്‍ ആന്‍ഡ്‌ സാക്രമെന്റല്‍ തിയോളജിയില്‍ പിഎച്ച്‌.ഡി. ചെയ്യുന്നു. ഓസ്‌ട്രിയായിലെ സാള്‍സ്‌ബര്‍ഗ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നു സിറിയക്‌ തിയോളജിയില്‍ ബിരുദാനന്തര ബിരുദം. 2007 മാര്‍ച്ച്‌ നാലിനു യൂഹാനോന്‍ മോര്‍ പീലക്‌സീനോസില്‍നിന്നു കശീശസ്‌ഥാനം സ്വീകരിച്ചു. സ്വദേശത്തും വിദേശത്തുമായി 13 പള്ളികളില്‍ ശുശ്രൂഷ ചെയ്‌തു. വിദേശത്തു നാലിലധികം കോണ്‍ഗ്രിഗേഷന്‍ സ്‌ഥാപിച്ചു. വെട്ടിക്കാട്ടില്‍ മര്‍ക്കോസിന്റെയും മേരിയുടെയും മകനാണ്‌. ▫ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍ ഇടുക്കി കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനിപ്പള്ളി ഇടവകാംഗം. ഇടുക്കി ചീന്തലാര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി വികാരി. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം, തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ്‌ മൊണാസ്‌ട്രി എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. മുളന്തുരുത്തി എം.എസ്‌.ഒ.ടി. സെമിനാരിയില്‍നിന്നു ബിരുദം. 2008 മേയ്‌ 29ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയില്‍നിന്നു കശീശാ സ്‌ഥാനം സ്വീകരിച്ചു. 16 പള്ളികളില്‍ വികാരിയായിരുന്നു. പുതിയപുരയിടത്തില്‍ വീട്ടില്‍ പി.എസ്‌. കുര്യന്റെയും സാറാമ്മ കുര്യന്റെയും മകനാണ്‌. ▫ഫാ. കുര്യാക്കോസ്‌ പറയന്‍കുഴിയില്‍ പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകാംഗം. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം, തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ്‌ മൊണാസ്‌ട്രി എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. വടവാതൂര്‍ സെന്റ്‌ തോമസ്‌ അപ്പോസ്‌തോലിക്‌ സെമിനാരിയില്‍നിന്നു ഫിലോസഫിയിലും തിയോളജിലും ബിരുദവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും. 2017 നവംബര്‍ രണ്ടിനു അഭിവന്ദ്യ മോര്‍ പീലക്‌സീനോസ് സഖറിയാസ്‌ മെത്രാപ്പോലീത്തയിൽ നിന്നു കശ്ശീശ സ്‌ഥാനം സ്വീകരിച്ചു. പറയന്‍കുഴിയില്‍ പരേതനായ യോഹന്നാന്റെയും ഏലിയാമ്മയുടെയും മകനാണ്‌. റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.