മലങ്കര സിറിയൻ ഓർത്തഡോൿസ് യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസിനു സമാപനം കുറിച്ചു.

മാൾട്ട ഇടവകയുടെ ഹൃദ്യമായ ആതിഥേയത്വത്തില്‍ നടത്തപെട്ട ഏഴാമത് മലങ്കര സിറിയൻ ഓർത്തഡോൿസ് യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസിനു സമാപനം കുറിച്ചു. മാള്‍ട്ട: മലങ്കര സുറിയാനി ഓർത്തഡോൿസ് യൂറോപ്പ് ഭദ്രാസനത്തിന്റെ ഏഴാമത് ഫാമിലി കോൺഫറൻസ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമനസിന്റെ നേതൃത്വത്തിൽ 2023 ഓക്ടോബര്‍ 27, 28, 29 തിയ്യതികളിലായി പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. മാള്‍ട്ട സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോൿസ് ഇടവക ആതിഥേയത്വം വഹിച്ച കോൺഫറൻസിൽ ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഡെൻമാർക്ക്‌, ഇറ്റലി, നെതര്‍ലാന്‍ഡ്‌, ബെല്‍ജിയം, എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങൾ പങ്കെടുത്തു. വി. ബൈബിളിൽ അപ്പൊസ്തോല പ്രവർത്തികൾ 28 ആം അദ്ധ്യായത്തിൽ പരിശുദ്ധ പൗലോസ് ശ്ലീഹയുടെ യാത്രമദ്ധ്യേ ഉണ്ടായ കപ്പലപകടത്തിൽ മാൾട്ടയിൽ എത്തിയതായും മാൾട്ട നിവാസികളുടെ അതിഥേയത്വവും സ്നേഹവും സ്വീകരിച്ചതായും വിവരിക്കുന്നുണ്ട്. അതിനാല്‍ തന്നെ മാള്‍ട്ട കോൺഫറൻസ് പരിശുദ്ധ പൗലോസ് ശ്ലീഹയുടെ പാദസ്പര്‍ശനമേറ്റ സ്ഥലത്തേക്കുള്ള ഒരു തീര്‍ഥയാത്ര കൂടിയായിരുന്നു. “ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍” എന്ന ചിന്താവിഷയത്തെക്കുറിച്ചുള്ള ഭദ്രാസന മെത്രാപ്പോലിത്തയുടെ ആമുഖ സന്ദേശത്തോട് കൂടി ത്രിദിന ഫാമിലി കോൺഫറൻസ് ആരംഭിച്ചത്. വിശ്വാസ സംബന്ധമായ വിഷയങ്ങളും യൂറോപ്പിൽ വിശ്വാസ സമൂഹം അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ചകൾക്കും ക്‌ളാസ്സുകൾക്കും വിഷയമായി. റോമില്‍ ഉന്നതവിദ്യാഭ്യാസം ചെയ്തു കൊണ്ടിരിക്കുന്ന മലങ്കര കത്തോലിക്ക സഭയുടെ അംഗം ഡൊമിനിക് സാവിയോ അച്ചന്‍ കുടുംബ ജീവിതത്തെക്കുറിച്ചും യുവതലമുറയും - പാശ്ചാത്യൻ ജീവിതവും എന്നീ വിഷയങ്ങൾ ആസ്പദമാക്കിയുള്ള ക്ളാസുകൾക്ക് നേതൃത്വം നല്‍കി. ക്രിസ്തീയ ജീവിതത്തിലെ പ്രതിസന്ധികളും സാധ്യതകളും ദൈവവചനത്തിന്റെ വെളിച്ചത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ചുള്ള ചർച്ചകൾക്കും ക്‌ളാസ്സുകൾക്കും ഡോ. തോമസ്‌ ജേക്കബ് മണിമല അച്ചനും ബഹു. എൽദോസ് വട്ടപ്പറമ്പിൽ അച്ചനും നേതൃത്വം നല്‍കി. വി. കുര്‍ബാനയുടെ ദൈവശാസ്ത്ര വ്യാഖ്യാനങ്ങളെക്കുറിച്ചു ബഹു. ജോഷി വെട്ടിക്കാട്ടില്‍ അച്ചന്‍ ക്ലാസ്സുകള്‍ എടുത്തു. കുട്ടികൾക്കായി ചെറിയ കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയും ശ്രീ. എല്‍ദോസ് പാല്പത്ത് കുരുന്നു മനസുകളിൽ വലിയ ആവേശവും ഉത്സാഹവും പകർന്നു നൽകി. കുടുംബ മേളയുടെ ഏറ്റവും ആവേശോജ്വലമായ ക്വിസ്സ് പ്രോഗ്രാം ബഹു. ഫാ. രഞ്ചു അബ്രഹാം, ഫാ. ടിജോ മാര്‍ക്കോസ് എന്നിവർ നേതൃത്വം നൽകി. ഒന്നാം സ്ഥാനം സ്വിറ്റ്സര്‍ലന്‍ഡ് ഇടവകയും, രണ്ടാം സ്ഥാനം മാള്‍ട്ട ഇടവകയും കരസ്ഥമാക്കി. കുടുംബസംഗമത്തിന്റെ ഏറ്റവും വ്യത്യസ്തമാക്കിയത് ആബാലവൃദ്ധം ചേർന്നൊരുക്കിയ കള്‍ച്ചറൽ പ്രോഗ്രാമാണ്. നൃത്തനൃത്യങ്ങളും സംഗീതവും ഒത്തൊരുമിച്ച സായംസന്ധ്യ ഏവരുടെയും ഹൃദയങ്ങളിൽ മായാത്ത സ്മരണകൾ നിറച്ചു. മാള്‍ട്ട ബ്ലുബെറി മ്യുസിക്കല്‍ ബാന്റിന്റെയും മാള്‍ട്ട ഇടവകയുടെ ക്വയര്‍ ടീമിന്റെയും സംഗീത വിരുന്നു കള്‍ച്ചറൽ പ്രോഗ്രാമിനെ ഏറെ വ്യത്യസ്തമാക്കി. മാള്‍ട്ട ആര്‍ച്ചുബിഷപ്പ് എമിരിടുസ് അഭി. ജോര്‍ജ് അന്തോണി ഫ്രെണ്ടോ മെത്രാപ്പോലിത്ത കള്‍ച്ചറൽ പ്രോഗ്രാം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയും ക്രിസ്തുവിലൂടെ വെളിപ്പെട്ടിരിക്കുന്ന പിതാവാം ദൈവത്തിന്റെ സ്നേഹം മനുഷ്യ-സാമൂഹ്യ ബന്ധങ്ങളിലൂടെ ആഴപ്പെടുത്തുവാന്‍ സാദ്ധ്യമാകുന്ന ഒരവസരമാണ് ഫാമിലി കോണ്‍ഫറന്‍സ് എന്ന സന്ദേശം നല്‍കുകയും ചെയ്തു. കുടുംബ സമ്മേളനത്തിനോടനുബന്ധിച്ച് യുറോപ്പ് ഭദ്രാസന കൌണ്‍സില്‍ മീറ്റിംഗ് കൂടുകയും ഭദ്രാസന ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എല്ലാ ഇടവകകിളിലേയും യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും 2024 വര്‍ഷത്തില്‍ യുവതി യുവാക്കള്‍ക്കായുള്ള ക്യാമ്പ് ക്രമീകരിക്കുന്നതിനു തീരുമാനം എടുക്കുകയും ചെയ്തു. ഫാമിലി കോൺഫെറെൻസിന്റെ സമാപനത്തോനബന്ധിച്ച" നടന്ന വി. മൂന്നിന്മേൽ കുർബാനയിൽ അഭി. മെത്രാപ്പോലീത്തയും ബഹു. എൽദോസ് വട്ടപ്പറമ്പിൽ അച്ചനും, ബഹു. ഏലിയാസ്‌ വര്‍ഗീസ്‌ അച്ചനും കാർമികത്വം വഹിച്ചു. ഫാമിലി കോണ്ഫെറസിലൂടെ വി. സഭയിലെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും പരസ്പരമുള്ള ബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതിന്റെയും ഒത്തൊരുമിച്ചു നില്കേണ്ടതിന്റെയും അതുവഴി സഭയുടെ ആചാരങ്ങളും പാരമ്പര്യവും പുതിയ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുവാനും അതിലുപരി ഏതൊരു വ്യക്തിയുടെയും ആവശ്യങ്ങളില്‍ ഒരു സമൂഹമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനും കഴിയുമെന്ന് അഭി. മെത്രാപ്പോലിത്ത വി. കുര്ബാനമദ്ധ്യേയുള്ള പ്രസംഗത്തിൽ ഓര്‍മ്മപ്പെടുത്തി. ഏഴു വര്ഷങ്ങള്ക്കുശേഷം വീണ്ടും യൂറോപ്പ് മേഖലകളിലെ കുടുംബങ്ങളെ ചേർത്തുനിർത്തി വളരെ മനോഹരമായ രീതിയിൽ കോൺഫറൻസ് ക്രമീകരിച്ച എല്ലാ ഭാരവാഹികൾക്കും ആതിഥേയത്വം വഹിച്ച മാള്‍ട്ട ഇടവകക്കും പങ്കെടുത്തവർക്കും മെത്രാപ്പോലീത്ത അനുമോദനം അറിയിച്ചു സംസാരിച്ചു. ഫാമിലി കോൺഫെറൻസ് കൺവീനേഴ്‌സായ ബഹു. ജോഷി വെട്ടിക്കാട്ടിൽ അച്ചൻ (ഭദ്രാസന സെക്രട്ടറി), ബഹു. പോള്‍ പി ജോര്‍ജ് അച്ചന്‍ (മാള്‍ട്ട ഇടവക വികാരി), ശ്രീ അരുണ്‍ പോള്‍ (മാള്‍ട്ട ഇടവക വൈസ് പ്രസിടണ്ട്), ശ്രീ എല്‍ദോ ഈരാളില്‍ (മാള്‍ട്ട ഇടവക സെക്രട്ടറി), ശ്രീ ജിയോന്‍ പൗലോസ്‌ (മാള്‍ട്ട ഇടവക ട്രെഷറർ), ശ്രീ ജെലൂ ജോര്‍ജ് (മാള്‍ട്ട ഇടവക കമ്മിറ്റി അംഗം), ശ്രീ വര്‍ഗീസ്‌ അബ്രഹാം (ഭദ്രാസന ജോയിന്റ് സെക്രട്ടറി) ശ്രീ ബേസില്‍ തോമസ്‌ (ഭദ്രാസന ട്രെഷറർ), കമാണ്ടര്‍ ജോര്‍ജ് പടിക്കകുടി (കൌൺസിൽ അംഗം), ശ്രീ. ജോളി തുരുത്തുമ്മേല്‍ (കൗൺസിൽ അംഗം) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. മാള്‍ട്ട യൂത്ത് അസോസിയേഷന്‍, വനിതാ സമാജ അംഗങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തെ ഏറ്റവും മിഴിവേകി.