ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മാൾട്ട പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
മാൾട്ട : യാക്കോബായ സുറിയാനി സഭയുടെ യൂറോപ്പ് മെത്രാപ്പോലീത്തയും പാത്രിയർക്കൽ വികാരിയുമായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മാൾട്ടയുടെ പ്രസിഡന്റ് ശ്രീ. ജോർജ് വെല്ലയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിന്റെ മന്ദിരത്തിൽ ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഭാഷണത്തിനിടയിൽ നൂറ്റാണ്ടുകളായി ഇതര മതങ്ങളെയും സംസ്കാരങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിക്കുന്ന മാൾട്ട, ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തിന് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സംരക്ഷണവും,തൊഴിൽ സാധ്യതകളും വിലപ്പെട്ടതാണെന്നും,ഈ രാജ്യത്തിലെ ഭരണാധികാരികളെയും,ജനങ്ങളുടെ സഹിഷ്ണതയും,ഹൃദയ വിശാലതയുടെയും ആണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മാൾട്ടയിലുള്ള നൂറുകണക്കിന് യാക്കോബായ സുറിയാനി സഭാംഗങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിനു വേണ്ടി നന്ദി അറിയിക്കുകയും ചെയ്തു. വിവിധ സംസ്കാരങ്ങളും, മതങ്ങളും, ജനവിഭാഗങ്ങളും, സഹിഷ്ണതയിലും, പരസ്പര വിശ്വാസത്തിലും, ബഹുമാനത്തിലും നിലകൊണ്ടാലേ ലോകസമാധാനവും മനുഷ്യരാശിയുടെ നിലനിൽപ്പും സാധ്യമാവുകയുള്ളൂമെന്നും അതിനായി നാം കൈകോർക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
മാൾട്ടയിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ, പ്രത്യേകിച്ച് ആതുര ശുശ്രൂഷ രംഗത്ത് വളരെ വിലപ്പെട്ടതാണെന്നും, തങ്ങളുടെ സംസ്കാരവും, പൈതൃകവും നഷ്ടപ്പെടാതെ തന്നെ ഇവിടുത്തെ സമൂഹവുമായി ഇഴകിചേർന്നാണ് ഇവിടെയുള്ള ഇന്ത്യക്കാർ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ മാൾട്ടയിലെ യാക്കോബായ ഇടവക സന്ദർശനത്തിന് എത്തിയതാണ് മെത്രാപ്പോലീത്ത. മാൾട്ട ഇടവകയിലെ വികാരി ഫാ. നോമിസ് കുര്യാക്കോസ് പതിയിൽ, സെക്രട്ടറി എൽദോ പൗലോസ് ഈരാളിൽ, ട്രസ്റ്റി ജിയോൺ പൗലോസ് ജോയിൻ സെക്രട്ടറി ബോസ് വെൽ തോമസ്, കമ്മറ്റിയംഗം ജെല്ലൂ സി. ജോർജ്ജ് എന്നിവരും സന്ദർശന വേളയിൽ മെത്രാപ്പോലീത്തയോടൊപ്പം ഉണ്ടായിരുന്നു