മോര്‍ പോളിക്കാര്‍പ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത കാലം ചെയ്തു
മോര്‍ പോളിക്കാര്‍പ്പോസ് സഖറിയാസ് മെത്രാപ്പോലീത്ത കാലം ചെയ്തു; അന്തിമോപചാരം അർപ്പിക്കുവാൻ ആയിരങ്ങൾ
കോട്ടയം ● യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്തായും മര്‍ത്തമറിയം വനിതാസമാജം പ്രസിഡന്റുമായ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത (51) കാലംചെയ്തു. കബറടക്കം ജൂൺ 22 ബുധൻ ഉച്ചകഴിഞ്ഞു മൂന്നിനു മാതൃ ഇടവക ദൈവാലയമായ കുറിച്ചി സെന്റ് മേരീസ് സൂനോറോ പുത്തന്‍ പള്ളിയില്‍ നടക്കും. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നു മെത്രാപ്പോലീത്ത ആറുമാസം മുമ്പ് മലബാര്‍ ഭദ്രാസനത്തിന്റെ ചുമതല ഒഴിഞ്ഞിരുന്നു. ഇന്ന് (ജൂൺ 21) രാവിലെ ഒമ്പതിനു മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു നിര്യാണം സംഭവിച്ചത്.
കോട്ടയം കുറിച്ചി പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതരായ ചാക്കോ ഏബ്രഹാമിന്റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായി 1970 ജൂലൈ 23 നാണ് ജനനം. തങ്കച്ചന്‍, രാജു, സണ്ണി, സാബു, കുഞ്ഞമ്മ, ആലീസ് എന്നിവര്‍ സഹോദരങ്ങളാണ്.
എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയില്‍നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും നേടി. സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വേദശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി..
കാലം ചെയ്ത മര്‍ക്കോസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശ പട്ടവും കശ്ശീശ സ്ഥാനവും സ്വീകരിച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി.
മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത, അഖില മലങ്കര യൂത്ത് അസ്സോസിയേഷന്‍ പ്രസിഡന്റ്, കേഫ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ്, അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം പ്രസിഡന്റ്, നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷന്‍ വൈസ് പ്രസിഡൻ്റ്, പരുമല പദ്ധതി കണ്‍വീനര്‍, പകലോമറ്റം അമ്പലക്കടവ് കുടുംബയോഗം പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
നിരണം ഭദ്രാസനത്തിലെ മുന്‍ വൈദികനായിരുന്നു. കാവുഭാഗം സെന്റ് ജോര്‍ജ്, മേപ്രാല്‍ സെന്റ് ജോണ്‍സ്, ചേപ്പാട് സെന്റ് ജോര്‍ജ്, കുന്നന്താനം സെന്റ് പീറ്റേഴ്‌സ്, ആഞ്ഞിലിത്താനം സെന്റ് മേരീസ്, പുറമറ്റം സെന്റ് ജോര്‍ജ്, കല്ലൂപ്പാറ സെന്റ് ഗ്രീഗോറിയോസ്, മഴുവങ്ങാട് സെന്റ് മേരീസ് എന്നി ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.
സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യമിത്ര, ഗുരുശ്രേഷ്ഠ, അഗതികളുടെ മിത്രം എന്നി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മലബാര്‍ ഭദ്രാസനത്തിന്റെ ആത്മീകവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മെത്രാപ്പോലീത്ത മീനങ്ങാടി സെന്റ് മേരീസ് കോളജ്, കാലിക്കട്ട് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെ എല്‍ദോ മോര്‍ ബസേലിയോസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവ സ്ഥാപിച്ചു. ഭദ്രാസനത്തിലെ പള്ളികളിലെ ആരാധനക്രമങ്ങള്‍ക്ക് ഏകീകരണം നടപ്പാക്കി. വിവിധ പള്ളികളെ സഭയുടെ വിശ്വാസത്തില്‍ നിലനിര്‍ത്തുവാനും എല്ലാ ഇടവകകളില്‍ വിശുദ്ധ ഗ്രന്ഥ പാരായണം, വിശുദ്ധ ഗ്രന്ഥമുള്ള ഇടവകയാക്കാന്‍ നേതൃത്വം നല്‍കി.