യൂറോപ്പിന്റെ നാനാ ഭാഗങ്ങളിലേക്കും സമീപകാലങ്ങളിൽ ആയി കേരളത്തിൽ നിന്ന് ഒത്തിരി വിദ്യാർത്ഥികൾ പഠനത്തിനായി, പ്രത്യേകിച്ച് മെഡിക്കൽ പഠനങ്ങൾക്കായി വന്നു ചേരുന്ന സാഹചര്യത്തില്‍ അവർക്ക് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ യുറോപ്പിന്റെ എല്ലാ സ്ഥലങ്ങളിലും ആരാധനാ സൗകര്യങ്ങൾ ഒരുക്കുന്നു.
ലോകം മുഴുവനും ഒരു മഹാമാരിയുടെ വലിയ പ്രതിസന്ധിയിൽ നിന്നും പതുക്കെ കയറി വരുന്ന സാഹചര്യത്തില്‍ ആരാധനാ സ്വാതന്ത്ര്യവും ഒത്തുചേരുവാനുള്ള അവസരങ്ങളും ഇപ്പോള്‍ ഉണ്ട്. എന്നാല്‍ പൊതുവേ സുരക്ഷിതമാണ് എന്ന് കരുതിയ യൂറോപ്പ് ഇപ്പോൾ യുദ്ധത്തിൻറെ വലിയൊരു പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അനേകായിരം അഭയാർഥികൾ വലിയ കഷ്ടതയിൽ ആയിരിക്കുന്ന ഒരു സാഹചര്യം കൂടെയാണ് ഇപ്പോള്‍. അതിനാല്‍ തന്നെ ഓരോ രാജ്യങ്ങളിലും പരസ്പരം ബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതിനും പരസ്പരം സഹായകവുമാകുന്ന രീതിയില്‍ പരി. മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ വിവിധ സ്ഥലങ്ങളിലായി കൂട്ടായ്മകള്‍ ആരംഭിക്കുന്നു. അതനുസരിച്ച് ബള്‍ഗേറിയയില്‍ മാർച്ച് മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച വർണ്ണയിലുള്ള ഇമ്മാക്കുലേറ്റ് കൺസെപ്ക്ഷൻ ഓഫ് ദി വിര്‍ജിന്‍ മേരി പള്ളിയില്‍ വച്ച് വിശുദ്ധകുർബാന അര്പ്പിക്കുവനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നു. രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 11 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് പ്രതിസന്ധികളുടെ നടുവില്‍ ദൈവാശ്രയത്വം എന്ന വിഷയത്തില്‍ സെമിനാറും ക്രമീകരിക്കുന്നു.
കേരളത്തിൽ നിന്നുള്ള എല്ലാ ദൈവമക്കളും അതിൽ സംബന്ധിക്കുവാൻ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് യുറോപ്പ് ഇടവകകളുടെ അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത ആഹ്വാനം നല്കി. വിയന്ന സെന്റ് മെരീസ് പള്ളിയുടെ വികാരി ജോഷി വെട്ടിക്കാട്ടിൽ അച്ചനാണ് ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. വിശുദ്ധ ആരാധനയ്ക്ക് ഒരുമിച്ചു കൂടുന്നത് ആരാധനയോടൊപ്പം തന്നെ മലയാള ഭാഷയും കേരള സംസ്കാരവും നിലനിർത്തുവാൻ വേണ്ടി കൂടെയാണ്. അതോടൊപ്പം വിദേശരാജ്യങ്ങളിലും അപരിചിതമായ സ്ഥലങ്ങളിലും ആയിരിക്കുമ്പോൾ പരസ്പര സഹായത്തിനും അപ്രതീക്ഷിതമായ വന്നുചേരുന്ന പ്രതിസന്ധികളിലും ഇത് സഹായകമായിരിക്കുമെന്ന് മെത്രാപ്പോലീത്ത അറിയിച്ചു.